സെഞ്ചൂറിയൻ: പാക്കിസ്ഥാൻ വനിതകൾക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്കൻ വനിതകൾ. ബുധനാഴ്ച നടന്ന രണ്ടാം മത്സരത്തിലും തകർപ്പൻ ജയം നേടിയതോടെയാണ് ദക്ഷിണാഫ്രിക്കൻ വനിതകൾ പരമ്പര സ്വന്തമാക്കിയത്. രണ്ടാം മത്സരത്തിൽ 16 റൺസിനാണ് ദക്ഷിണാഫ്രിക്കൻ വനിതകൾ വിജയിച്ചത്.
ദക്ഷിണാഫ്രിക്കൻ വനിതകൾ ഉയർത്തിയ 362 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ വനിതകൾ 345 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 75 റൺസെടുത്ത അയിഷ സഫറും 61 റൺസെടുത്ത ഷഡഫ് ഷമാസും 52 റൺസെടുത്ത ക്യാപ്റ്റൻ ഫാത്തിമ സനയും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
40 റൺസെടുത്ത സയ്ഡ അരൂബ് ഷായും 38 റൺസെടുത്ത ഡയാന ബൈഗും തിളങ്ങി. ദക്ഷിണാഫ്രിക്കൻ വനിതകൾക്ക് വേണ്ടി അന്നേരിയ ഡെർക്ക്സൺ മൂന്ന് വിക്കറ്റെടുത്തു. നദൈൻ ഡി ക്ലർക്കും നോൻകുലുലേക്കോ എംലാബയും നോൻടുമിസോ ഷാൻഗൈസും രണ്ട് വിക്കറ്റ് വീതവും സൂനെ ലൂസ് ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കൻ വനിതകൾ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 361 റൺസാണെടുത്തത്. 90 റൺസെടുത്ത അന്നേരിയ ഡെർക്ക്സണിന്റെയും 77 റൺസെടുത്ത ടാസ്മിൻ ബ്രിട്ട്സിന്റെയും 57 റൺസെടുത്ത സൂനെ ലൂസിന്റെയും 49 റൺസെടുത്ത നദൈൻ ഡി ക്ലർക്കിന്റെയും മികവിലാണ് ദക്ഷിണാഫ്രിക്കൻ വനിതകൾ മികച്ച സ്കോർ പടുത്തുയർത്തിയത്.
പാക്കിസ്ഥാൻ വനിതകൾക്ക് വേണ്ടി ക്യാപ്റ്റൻ ഫാത്തിമ സനയും സാദിയ ഇക്ബാലും സൈഡ അരൂബ് ഷായും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഡയാന ബൈഗും നഷ്റ സന്ധുവും ഓരോ വിക്കറ്റ് വീതം എടുത്തു. ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ വനിതകൾ 37 റൺസിന് വിജയിച്ചിരുന്നു.